ഉള്ളിയേരി: ജന്മനാലുള്ള ഹൃദ്രോഗമായ ഹൃദയത്തിലെ സുഷിരം നെഞ്ചുതുറക്കാതെയുള്ള ടോട്ടൽ എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി മലബാർ മെഡിക്കൽ കോളേജ് കാർഡിയാക് സർജറി വിഭാഗം പരിഹരിച്ചു. മലബാർ മെഡിക്കൽ കോളേജ് കാർഡിയാക് സർജറി വിഭാഗത്തിലെ ചീഫ് കാർഡിയാക് സർജൻ ഡോ. അനിൽ ജോസിന്റെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ജിഷ്ണു (29) എന്ന യുവാവിനാണ് ശസ്ത്രക്രിയ നടത്തിയത്. വലതുനെഞ്ചിന്റെ വശത്തുണ്ടാക്കുന്ന ചെറിയ സുഷിരങ്ങളിലൂടെ എൻഡോസ്കോപ്പ് ക്യാമറയും മെഡിക്കൽ ഉപകരണങ്ങളും കടത്തിവിട്ടാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. നെഞ്ചിന്റെ മുൻഭാഗത്ത് വലിയ ശസ്ത്രക്രിയാപാടുകൾ ഉണ്ടാകില്ല.
കുറഞ്ഞവേദനയും രക്തനഷ്ടവും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. സാധാരണ ശസ്ത്രക്രിയ കഴിഞ്ഞാൽ മാസങ്ങളോളം വിശ്രമം ആവശ്യമായി വരുമ്പോൾ, എൻഡോസ്കോപ്പിക് രീതിയിലൂടെ 4-5 ദിവസത്തിനകം രോഗിക്ക് ആശുപത്രിവിടാനും രണ്ടാഴ്ചയ്ക്കുള്ളിൽ സാധാരണജീവിതത്തിലേക്ക് മടങ്ങാനും സാധിക്കുമെന്നും ഡോ. അനിൽ ജോസ് വ്യക്തമാക്കി.
