പ്രണയത്തിൽ നിന്നും പിന്മാറിയ ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി, അപകീർത്തിപ്പെടുത്തി

തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്നും പിൻവാങ്ങിയതിലുള്ള വിരോധം കാരണം യുവതിയെ ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ, നെല്ലിവിള, സുബിൻ ഭവനിൽ സുബിൻ ആണ് പൊലീസിന്റെ പിടിയിലായത്. വെങ്ങാനൂർ സ്വദേശിനിയായ യുവതിയുമായി പ്രതി മുൻപ് പ്രണയത്തിലായിരുന്നു. എന്നാൽ യുവതി ഈ ബന്ധത്തിൽ നിന്നും പിൻവാങ്ങിയതോടെ പ്രതി വൈരാഗ്യ ബുദ്ധിയോടെ പെരുമാറാൻ തുടങ്ങുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

യുവതിയുടെ ഭർത്താവ് ഉൾപ്പെടെയുള്ള ബന്ധുക്കളുടെ മൊബൈൽ ഫോണുകളിലേക്ക് ഇയാൾ അപകീർത്തികരമായ സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു നൽകുകയും ഇവരെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പ്രതിയുടെ ക്രൂരമായ മാനസിക പീഡനം മൂലം കടുത്ത മനോവിഷമത്തിലായ യുവതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ യുവതിയുടെയും ബന്ധുക്കളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത വിഴിഞ്ഞം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത സുബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *