സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ കാലുതെറ്റി വീണു; നടൻ നന്ദമൂരി ബാലകൃഷ്ണയ്ക്ക് പരിക്ക്

കാക്കിനട: കാക്കിനടയിൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണയ്ക്ക് (ബാലയ്യ) പരിക്ക്. നടൻ മഞ്ചു മനോജും ബാലകൃഷ്ണയും പങ്കെടുത്ത സംഘട്ടനത്തിനിടെ കാലുതെറ്റി വീണാണ് ബാലകൃഷ്ണയ്ക്ക് പരിക്കേറ്റത്. ചിത്രീകരണം ഉടനടി നിർത്തിവെച്ച് അദ്ദേഹത്തെ കാക്കിനടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ പേശികൾക്ക് ക്ഷതമേറ്റതായി സ്ഥിരീകരിച്ചു.

വൈദ്യസംഘത്തിന്റെ നിർദ്ദേശപ്രകാരം പൂർണരോഗമുക്തിക്കായി ശസ്ത്രക്രിയ നടത്തുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രസ്താവനയിലൂടെ അറിയിച്ചു. സാധാരണ ശസ്ത്രക്രിയ മാത്രമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. നന്ദമൂരി ബാലകൃഷ്ണ ഉടൻ തന്നെ ചിത്രീകരണത്തിലേക്ക് തിരിച്ചെത്തുമെന്നും സംഘം അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഏതാനും ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.

ഗോപീചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ‘എൻബികെ 111’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് നിലവിൽ കാക്കിനടയിലും പരിസരപ്രദേശങ്ങളിലുമായി നടക്കുന്നത്. കാക്കിനട തുറമുഖത്തെ ഷൂട്ടിങ്ങിനിടെയാണ് പരിക്കേറ്റത്. ഡ്യൂപ്പുകളെ ഉപയോഗിക്കാതെ സംഘട്ടന രംഗം സ്വയം ചെയ്യുന്നതിനിടെയാണ് അപകടം. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘വീരസിംഹറെഡ്ഡി’ക്ക് ശേഷം ഗോപീചന്ദ് മലിനേനിയും ബാലകൃഷ്ണയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിൽ കാജൽ അഗർവാളാണ് നായികയായി എത്തുന്നത്. മഞ്ചു മനോജ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നു. ‘എൻബികെ 111’ പൂർത്തിയാക്കിയ ശേഷം കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ബാലകൃഷ്ണ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *