കൊലയ്ക്ക് കാരണം പിണക്കം; അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ആസൂത്രിതം

പത്തനംതിട്ട: ഗവിയില്‍ മീനാറിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലാപതകത്തില്‍ പ്രതി പിടിയില്‍. മൂഴിയാര്‍ സ്വദേശിയായ വിനോദ് കുമാര്‍ ആണ് പിടിയിലായത്. പ്രതി ആസൂത്രിത കൊലപാതകം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ ദീര്‍ഘകാലം അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

പ്രതി ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളാണ്. ഇവര്‍ തമ്മില്‍ കുറെക്കാലമായി അടുപ്പത്തിലായിരുന്നു. പിന്നീട് ഇവര്‍ അകലുന്ന സാഹചര്യം ഉണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. പ്രതി സമാനമായ കേസില്‍ ജയിലിലാകുന്ന സാഹചര്യം ഉണ്ടായതോടെയാണ് യുവതി ഇയാളില്‍ നിന്നും അകന്നത്. അങ്കണവാടിയിലേക്ക് പോകും വഴി യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ബലാത്സംഗ ശ്രമത്തിനിടെ കൊലപാതകം നടത്തി മൃതദേഹം തോട്ടിലേക്ക് തള്ളുകയായിരുന്നുവെന്ന് വിനോദ് പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസമായി യുവതിയെ വിനോദ് പിന്തുടരുകയായിരുന്നു. യുവതിയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് ഇയാള്‍ വനമേഖലയില്‍ കുടില്‍കെട്ടി താമസിക്കുകയും ചെയ്തിരുന്നു. ഗവി-മീനാര്‍ വഴിയില്‍ കാത്തുനിന്നാണ് യുവതിയെ ഇയാള്‍ ആക്രമിച്ചത്. ആദ്യഘട്ടത്തില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ യുവതിയോട് പ്രണയമുണ്ടായിരുന്നെന്നും അതിനിലാണ് യുവതിയെ കാണാന്‍ ശ്രമിച്ചതെന്ന് പ്രതി പറഞ്ഞു. യുവതിയെ പിടിച്ച് തള്ളിയപ്പോള്‍ യുവതി തല കല്ലില്‍ ഇടിച്ച് താഴേക്ക് വീണു. പിന്നീട് തോട്ടിലെ വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *