പ്ലീഡറുടെ നിയമനം; ഭക്തജനങ്ങളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്നതുകൊണ്ടാണ് നടപടി സ്വീകരിച്ചത് – കെ. മുരളീധരൻ

തിരുവനന്തപുരം: ദേവസ്വം പ്ലീഡറുടെ നിയമനത്തിൽ സർക്കാരിന് തെറ്റുപറ്റിയെന്ന് സമ്മതിച്ച് മന്ത്രി കെ. മുരളീധരൻ. പ്രശസ്തനായ ഒരു ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിലാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് പരിഗണിച്ചത്. നിയമനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ഒരു തരത്തിലുള്ള സംശയത്തിന്റെ നിഴൽ നിൽക്കാൻ പാടില്ലെന്ന സർക്കാരിന്റെ നിർബന്ധബുദ്ധിയാണ് ഈ മാറ്റത്തിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തജനങ്ങളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സത്യങ്ങൾ പുറത്തുവരുമെന്ന ഭക്തരുടെ പ്രതീക്ഷകൾ ഇല്ലാതാക്കുന്ന നിയമനമാണിതെന്ന പരാതികൾ തനിക്ക് ലഭിച്ചതായി മുരളീധരൻ പറഞ്ഞു. വിഷയം വിവാദമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ തന്നെ അദ്ദേഹത്തോട് രാജി വെക്കാൻ ആവശ്യപ്പെടുകയും അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു. സദുദ്ദേശത്തോടെയാണ് നിയമനം നടത്തിയതെങ്കിലും ഭക്തജനങ്ങൾക്ക് അതിൽ അഭിപ്രായ വ്യത്യാസമുള്ള സാഹചര്യത്തിൽ ജാഗ്രതയോടെ തിരുത്താൻ സർക്കാർ തയ്യാറായെന്നാണ് മന്ത്രി വിശദീകരിച്ചു

നിയമനം നടത്തിയത് ക്യാബിനറ്റ് ആണെന്നും അതിനാൽ ഇതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് മാത്രമല്ല, താനുൾപ്പെടെയുള്ള എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സർക്കാരിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യങ്ങളും പോരായ്മകളും കൂട്ടായ ഉത്തരവാദിത്തമാണെന്നും ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കുന്ന ഏർപ്പാട് തങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *