ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെയാണ് രാജി. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലെ ചുമതലകൾ തുടരാനാകാത്ത സാഹചര്യത്തിലാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ.

ഷഹാബുദ്ദീൻ രാജിവെച്ച സാഹചര്യത്തിൽ, ബംഗ്ലാദേശ് ഭരണഘടന പ്രകാരം പാർലമെന്റ് സ്പീക്കർ ഹാഫിസുദ്ദീൻ അഹമ്മദ് താൽക്കാലിക പ്രസിഡന്റായി ചുമതലയേൽക്കും. പാർലമെന്റ് അംഗങ്ങൾ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം സ്പീക്കർ പദവിയിൽ തുടരും. അടുത്ത 90 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് നടക്കണമെന്നാണ് ഭരണഘടനാ ചട്ടം.

2023 ഏപ്രിൽ 24-നാണ് അവാമി ലീഗിന്റെ നോമിനിയായി മുഹമ്മദ് ഷഹാബുദ്ദീൻ പ്രസിഡന്റ് പദവിയിലെത്തിയത്. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷവും ഭരണഘടനാപരമായ പദവിയിൽ തുടർന്ന ഹസീന യുഗത്തിലെ അവസാന പ്രമുഖ വ്യക്തിയായിരുന്നു അദ്ദേഹം. 1971-ലെ വിമോചന സമരത്തിൽ പങ്കെടുത്ത പോരാളിയും മുൻ ജഡ്ജിയുമായ ഷഹാബുദ്ദീന്റെ കാലാവധി 2028 ഏപ്രിലിലാണ് അവസാനിക്കേണ്ടിയിരുന്നത്.പ്രധാനമന്ത്രി താരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് കീഴിൽ പ്രസിഡന്റിന്റെ ഭരണഘടനാപരമായ പദവി സംബന്ധിച്ച അസ്വസ്ഥതകൾ നിലനിന്നിരുന്നതായും സൂചനകളുണ്ട്. അതേസമയം, ഷഹാബുദ്ദീനും ഹസീനയും തമ്മിൽ ഫോണിൽ സംസാരിച്ചുവെന്ന തരത്തിലുള്ള വാർത്തകളാണ് പ്രസിഡന്റിന്റെ രാജിക്ക് കാരണമെന്ന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിലെ ഒരു മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *