മറ്റപ്പള്ളി കൂട്ട ആത്മഹത്യ: സ്ഥലം എംഎൽഎ സംഭവം മൂടി വെക്കുന്നുവെന്ന് ബിജെപി

കോട്ടയം: കൂരോപ്പട മറ്റപ്പള്ളിയിൽ ഒരു കുടുംബം മുഴുവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥലം എംഎൽഎ സംഭവം മൂടി വെക്കുന്നതായി ആരോപിച്ച് ബിജെപി രംഗത്ത്. നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി അയർക്കുന്നം മണ്ഡലം കമ്മിറ്റി പറഞ്ഞു. ധനകാര്യ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന ജോസ്നയ്ക്ക് ഇത്രയേറെ കടബാധ്യത വന്നത് എങ്ങനെയെന്നതിൽ ദുരൂഹതയുണ്ട്. ജോസ്നക്ക് ചിട്ടി നടത്തിപ്പിൽ ലക്ഷങ്ങളുടെ കട ബാധ്യത ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്തിട്ടുള്ളതായും വിവരമുണ്ട്. ഈ തുകകൾ എങ്ങനെ വിനിയോഗിച്ചു എന്ന കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ്‌ സി ജി ഗോപകുമാർ ആരോപിച്ചു.

എന്നാൽ ദുരൂഹതയുണ്ടെങ്കിൽ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മന്ത്രി എം.ലിജുവിനും കത്ത് നൽകിയിട്ടുണ്ടന്ന് കോൺഗ്രസ് പറയുന്നു. പോലീസിന്റെ പക്കലുള്ള ആത്മഹത്യാ കുറിപ്പ് പുറത്തുവിടണം. ധനകാര്യ സ്ഥാപനത്തിലെ പാസ്ബുക്കുകളും, ജോസ്നയുടെ മരണമൊഴിയും പുറത്തുവിടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കില്ലെന്നും കോൺഗ്രസ് പറഞ്ഞു.

ധനകാര്യ സ്ഥാപനത്തിലെ മേലുദ്യോഗസ്ഥയ്ക്ക് ഈ മരണങ്ങളിൽ പങ്കുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ പോലീസ് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു. നിലവിൽ പോലീസന്വേഷണം കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കോട്ടയം എസ്പിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

കൂരോപ്പട സർവീസ് സഹകരണ ബാങ്കിന്റെ മറ്റപ്പള്ളി ശാഖയിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു മരിച്ച ജോസ്ന. ജൂലൈ 13നാണ് കുടുംബത്തെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.

കൂരോപ്പട മറ്റപ്പള്ളി ചിറപ്പുറത്ത് ജോബി (50), ഭാര്യ ജോസ്‌ന (43), മക്കളായ മരിയാ തെരേസാ തോമസ് (17), അലൻ തോമസ് (12) എന്നിവരാണ് ജീവനൊടുക്കിയത്. സൊസൈറ്റിയില്‍ ഇല്ലാത്ത ചിട്ടികളും ജോസ്ന പിരിച്ചിരുന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. ഈ തുകകൾ എവിടെപ്പോയി എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇവർക്ക് വിവിധ ബാങ്കുകളിലായി 10 അക്കൗണ്ടുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

സംഭവം നടന്ന് ഇതുവരെ ദുരൂഹതകൾ നീങ്ങാത്തതിൽ നാട്ടുകാരും അതൃപ്തിയിലാണ്. ആത്മഹത്യാ കുറിപ്പിൽ ചിലരുടെ പേരുണ്ടെന്ന സൂചനകളും വന്നിരുന്നു. അതെക്കുറിച്ചും വ്യക്തത വന്നിട്ടില്ല. ഇതിനിടയിലാണ് രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ വരുന്നത്. രാഷ്ട്രീയ നേതാക്കൾ ചിലരെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ് എന്നാണ് ആരോപണം ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *