ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: മുതിർന്ന സിപിഎം നേതാവ് പി. കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമെന്ന് മുതിര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം. വി ജയരാജന്‍. സ്വന്തം ഭര്‍ത്താവിന്റെ പേരുമാറ്റി ഒരു സ്ത്രീയെ അപമാനിക്കുന്ന വിധത്തിലാണ് ജനം ടിവി അടക്കമുള്ളവരുടെ വാര്‍ത്താ നിര്‍മിതി. തിരുത്തിയാലും പൊറുക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണിതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഒരു സ്ത്രീയുടെ സത്രീത്വത്തെ, അന്തസിനെ അപമാനിക്കുന്ന വാര്‍ത്ത കൊടുത്തവര്‍ക്കെതിരെ ഐടി നിയമപ്രകാരം പൊലീസിന് കേസെടുക്കാന്‍ കഴിയും. സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാരാണ് യുഡിഎഫ് സര്‍ക്കാര്‍ എങ്കില്‍ അടിയന്തരമായി കേസെടുക്കണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു.

ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നും പ്രത്യേകിച്ച് ഒരു സ്ത്രീയെ അപമാനിക്കും വിധത്തിലാണ് ആ വാര്‍ത്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’ഏതൊരു സ്ത്രീക്കും അന്തസുണ്ട്. അതിനെയാണ് ജനം ടിവിയും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങളും ചില പത്രങ്ങളും അപമാനിച്ചത്. പി ആര്‍ കൃഷ്ണന്‍ രണ്ടാം കേരള നിയമസഭയില്‍ എംഎല്‍എ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്രീമതി പെന്‍ഷന്‍ വാങ്ങി. എന്നാല്‍ അത് മുന്‍ മന്ത്രി പി കെ ശ്രീമതിയാണെന്ന വ്യാജ വാര്‍ത്ത നല്‍കിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഒരു വ്യക്തിയെ കുറിച്ച് വാര്‍ത്ത നല്‍കണമെങ്കില്‍, അവരോട് നിജസ്ഥിതി അറിയാനുള്ള മര്യാദ കാട്ടണം. ആ മര്യാദ കാട്ടിയിരുന്നെങ്കില്‍ ഇ ദാമോദരന്‍ മാസ്റ്ററുടെ ഭാര്യയായ പി കെ ശ്രീമതി ടീച്ചര്‍ പി ആര്‍ കൃഷ്ണന്റെ ഭാര്യയാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് തന്നെക്കാള്‍ മികച്ച നേതാവാണെന്നും അദ്ദേഹം പാര്‍ട്ടി ജില്ലാ സെക്രട്ടറിയായപ്പോള്‍ നാട്ടിലെ ചില മാധ്യമങ്ങള്‍ വ്യക്തിപരമായി അദ്ദേഹത്തെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ നല്‍കിയെന്നും എം വി ജയരാജന്‍ പ്രതികരിച്ചു. ‘പണമില്ലാത്ത കുടുംബത്തിലെ അംഗമായ രാഗേഷ് പഠിക്കാന്‍ വേണ്ടി അധ്വാനിച്ച് പണമുണ്ടാക്കിയാണ് പഠിക്കാന്‍ പോയത്. മികച്ച പാര്‍ലമെന്റേറിയനായി. ശ്രദ്ധിക്കപ്പെട്ട നിരവധി സ്വകാര്യ ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും പ്രമേയങ്ങള്‍ കൊണ്ടുവരികയും ചെയ്തു. ഏറ്റവും മികച്ച ഒരു വ്യക്തിക്കെതിരെ പല വാര്‍ത്തകളും വന്നുവെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. തിരുത്തേണ്ടത് കമ്മ്യൂണിസ്റ്റുകാര്‍ തിരുത്തുക തന്നെ ചെയ്യുമെന്നും’ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *