കൊച്ചി : മലയാളികളുടെ പ്രിയതാരം ഭാവന നായികയായി എത്തിയ ചിത്രമാണ് അനോമി. ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ അനോമി ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആണ് അനോമി ഒടിടിയില്‍ എത്തിയിരിക്കുന്നത്.
നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയാണ് ‘അനോമി‘. വൈകാരികമായി ഏറെ ആഴമുള്ള ‘സാറ’ എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്.
മിസ്റ്ററി ത്രില്ലർ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത് റഹ്‍മാൻ ആണ്. ‘ധ്രുവങ്ങൾ 16’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ ശ്രദ്ധേയമായ കുറ്റാന്വേഷണ വേഷങ്ങൾക്ക് ശേഷം, വീണ്ടും ഒരു കരുത്തുറ്റ ഇൻവെസ്റ്റിഗേഷൻ ഓഫീസറായി റഹ്‍മാൻ എത്തി എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിനു പപ്പു, വിഷ്‍ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
