ഛത്തീസ്ഗഢില്‍ ബിജെപി നേതാവിനെയും കൂട്ടാളികളെയും കാറിനുള്ളിലിട്ട് തീവെച്ചു കൊന്നു

റായ്പുര്‍: ഛത്തീസ്ഗഢില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീവെച്ചു കൊലപ്പെടുത്തി. കോറിയ ജില്ലയില്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ക്രൂരകൃത്യം നടന്നത്. ബിജെപി നേതാവും മുന്‍ ജന്‍പദ് പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിങ് , അദ്ദേഹത്തിന്റെ ബന്ധു നാഗേന്ദ്ര സിങ്, വീരേന്ദ്ര സിങ് എന്നിവരാണ് മരിച്ചത്.

സോന്‍ഹത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നൗഗയിന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭരത് സിങും സംഘവും സഞ്ചരിച്ച ഫോര്‍ച്യൂണര്‍ എസ് യു വിയെ ട്രക്കുകള്‍ ഉപയോഗിച്ച് വളഞ്ഞ ശേഷം പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഭരത് സിങ് തല്‍ക്ഷണം മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ആക്രമണത്തില്‍ പരിക്കേറ്റ മായങ്ക് സിങ് എന്നയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മണല്‍ ഖനന കരാറിനെച്ചൊല്ലി ഭരത് സിങിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മില്‍ മാസങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *