മസ്കത്ത്: 2026 ഫിഫ ലോകകപ്പ് ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫിഫയുമായി സഹകരിച്ച് സ്മാരക വെള്ളി നാണയം പുറത്തിറക്കുന്നതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ . ഏറ്റവും ഉയർന്ന സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായാണ് സ്മാരക നാണയം നിർമിച്ചിരിക്കുന്നത്. 0.999 ശുദ്ധമായ വെള്ളി കൊണ്ടാണ് നിർമാണം. ഒരു ഒമാൻ റിയാലാണ് ഫേസ്വാല്യു. 38.61 mm വ്യാസവും 28.28 ഗ്രാം ഭാരവുമുണ്ട് നാണയത്തിന്. ആകെ 5,000 നാണയങ്ങളാണ് നിർമിച്ചിട്ടുള്ളത്. ഇതിൽ 1,000 നാണയങ്ങൾ പ്രാദേശിക വിപണിയിൽ വിൽപ്പനക്ക് ലഭ്യമാക്കും. ബാക്കി 4,000 നാണയങ്ങൾ ഫിഫ ലൈസൻസുള്ള വിൽപ്പന കമ്പനികൾ വഴി അന്താരാഷ്ട്ര തലത്തിൽ വിപണനം ചെയ്യും. 2026 ജൂൺ 30 മുതൽ നാണയം ലഭ്യമാകും. റൂവി, സലാല, സുഹാർ എന്നിവിടങ്ങളിലെ സിബിഒ ശാഖകളിൽ നിന്നും ഓപ്പറ ഗാലേറിയയിലെ ഒമാൻ പോസ്റ്റ് സെയിൽസ് ഔട്ട്ലെറ്റ് വഴിയും നാണയം വാങ്ങാനാകും.
ഫിഫക്കൊപ്പം ചേർന്ന് സ്മാരക വെള്ളി നാണയം പുറത്തിറക്കി ഒമാൻ സെൻട്രൽ ബാങ്ക്
