കുവൈത്ത് : കുവൈത്തിന്‍റെ വ്യോമാതിർത്തിയും അന്താരാഷ്ട്ര വിമാനത്താവളവും ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെ തുടർന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയായ ഐകാവോയ്ക്ക് കുവൈത്ത് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ രണ്ടാം ഔദ്യോഗിക പ്രതിഷേധ കത്ത് സമർപ്പിച്ചു. ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കരാറുകളുടെയും ചട്ടങ്ങളുടെയും ഗുരുതര ലംഘനമാണെന്നും, യാത്രക്കാരുടെയും വിമാന കമ്പനികളുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ബുധനാഴ്ച ടെർമിനൽ-1 കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മരണവും ഗുരുതര പരിക്കുകളും വൻ സാമ്പത്തിക നാശനഷ്ടങ്ങളും സംഭവിച്ചതായി അതോറിറ്റി വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നതും യാത്രക്കാരുടെയും വിമാന ഗതാഗതത്തിന്റെയും പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായും അറിയിച്ചു. ഫെബ്രുവരി 28-ന് ഉണ്ടായ ആദ്യ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ടെർമിനൽ-1 അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർവീസ് തുടങ്ങി 48 മണിക്കൂർ പിന്നിട്ടപ്പോഴേക്കും വീണ്ടും ആക്രമണം ഉണ്ടായത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായും അതോറിറ്റി പറഞ്ഞു.
രാജ്യത്തിന് നേർക്കുള്ള ഇറാന്‍റെ ആക്രമണം; നിർണായക നീക്കവുമായി കുവൈത്ത്
