CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്: ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ സാവകാശം തേടി വീണ ടി

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വീണ ടി. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വീണ സാവകാശം തേടിയത്. ബുധനാഴ്ച രാവിലെയായിരുന്നു വീണയുടെ ഇ മെയില്‍ ഇ ഡിക്ക് ലഭിച്ചത്.

മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കാമെന്നും വീണ കത്തില്‍ പറഞ്ഞിരുന്നു. ഇ ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും.

അനാരോഗ്യം ചൂണ്ടിക്കാട്ടി അവധി തേടിയാല്‍ മെഡിക്കല്‍ രേഖകള്‍ അടക്കം സമര്‍പ്പിക്കുന്ന പക്ഷം പരിഗണിക്കുന്നതാണ് ഇ ഡിയുടെ രീതി. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎൽഎ) വകുപ്പ് അന്‍പത് പ്രകാരം കക്ഷി നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ. ഒരു ദിവസം അവധി നല്‍കിയാലും പിന്നീട് ഹാജരാകേണ്ടി വരും.

ഈ വകുപ്പ് പ്രകാരം സമൻസ് നൽകിയാൽ ഇ ഡി ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കേണ്ടി വരും. ഒരു സിവിൽ കോടതി നൽകുന്ന സമൻസിന് തുല്യമാണിത്. വെള്ളിയാഴ്ച അവധി നൽകിയാലും വീണ മറ്റൊരു ദിവസം ഇ ഡിക്ക് മുന്നിൽ ഹാജരാകണം. വീണയെ ചോദ്യം ചെയ്യാന്‍ ഇ ഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിരുന്നു.

സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത തേടാനായിരുന്നു ഇ ഡി തീരുമാനം. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിരുന്നു.

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇതാദ്യമായാണ് വീണയെ ഇ ഡി ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചത്. നേരത്തേ വീണയുടെ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും അടക്കം വിവിധയിടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ ലഭിച്ചുവെന്നും വിശദമായ പരിശോധന നടത്തുകയാണെന്നുമായിരുന്നു ഇ ഡി നേരത്തേ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *