തൃശൂര്‍: വെള്ളാപ്പള്ളിയെയും മകനെയും കണ്ട യുഡിഎഫ് മന്ത്രിമാർക്കെതിരെ സാംസ്കാരിക പ്രവർത്തകരായ സാറാ ജോസഫും കെ സച്ചിദാനന്ദനും രംഗത്ത്. വെള്ളാപ്പള്ളി നടേശനുമായും എൻഡിഎ സഖ്യ കക്ഷിനേതാവായ മകൻ തുഷാർ വെള്ളാപ്പള്ളിയുമായും മന്ത്രിമാർ പങ്കിടുന്ന സൗഹൃദക്കാഴ്ചകൾ മതേരര ജനാധിപത്യ വാദികളെ അസ്വസ്ഥമാക്കുന്നതാണ്. വെള്ളാപ്പള്ളി നിരന്തരം മുസ്ലീം സമുദായത്തെ അവഹേളിക്കുകയും ക്രിമിനൽ വത്കരിക്കുകയും ചെയ്ത ആളാണ്.
വെള്ളാപ്പള്ളിയെ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങിയ മന്ത്രി ബിന്ദു കൃഷ്ണയുടെ നിലപാട് ഞെട്ടിക്കുന്നതാണ്. ഇക്കാര്യത്തിലുള്ള ലീഗിന്റെ മൗനം അമ്പരപ്പിക്കുന്നതാണെന്നും അവർ പ്രസ്താവനയിൽ പറയുന്നു. വെള്ളാപ്പള്ളി നടേശനോടുള്ള ഇടതുപക്ഷത്തിന്റെ സമീപനമാണ് എല്‍ഡിഎഫിനെ എതിര്‍ക്കാനുണ്ടായിരുന്ന പ്രധാന കാരണം. ഇന്ന് എൽഡിഎഫ് പ്രതിപക്ഷത്താണ്.
കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷയർപ്പിച്ച് ഭരണത്തിലെത്തിച്ച യുഡിഎഫ് സർക്കാരാണ് ഭരണരംഗത്തുള്ളത്. പക്ഷേ ഭരണത്തിലെത്തി ഒരു മാസത്തിനകം സർക്കാരിൻ്റെയും ഭരണാധികാരികളുടെയും നിലപാടുകൾ ജനാധിപത്യ വിശ്വാസികളെ വല്ലാതെ അങ്കലാപ്പിലാക്കുന്നതാണെന്നും വിമർശനം ഉയർന്നു.
