‘കോൺ​ഗ്രസിനെ വിശ്വസിക്കരുത്, ബിജെപി വളർന്നതിന് കാരണം കോൺഗ്രസ്’; ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയിയുടെ സർക്കാരിനെ പിന്തുണച്ചതിന് പിന്നാലെ, കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്. ഡിഎംകെ പ്രവർത്തകരുടെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും കഠിനാധ്വാനം കൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും എന്നാൽ അതിന്റെ നന്ദിയോ മര്യാദയോ കാണിക്കാൻ അവർ തയ്യാറായില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു

ഡിഎംകെ പ്രവർത്തകരുടെ അധ്വാനം കൊണ്ടാണ് കോൺഗ്രസിന് അഞ്ച് എംഎൽഎമാരെ വിജയിപ്പിക്കാനായത്. എം.കെ സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിച്ചാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്തത്. എന്നാൽ ചില പദവികൾക്ക് വേണ്ടി ഞങ്ങളെ അറിയിക്കുക പോലും ചെയ്യാതെ അവർ ഓടിപ്പോയി. അടിസ്ഥാനപരമായ നന്ദിയും മര്യാദയുമില്ലാത്ത കോൺഗ്രസിനെ അടുപ്പിക്കരുത്. തമിഴ്‌നാട്ടിലെ ജനങ്ങൾ അവരെ ഉടൻ തന്നെ നല്ലൊരു പാഠം പഠിപ്പിക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.

ഇന്ത്യയിലുടനീളം ബിജെപി വളർന്നതിന് കാരണം കോൺഗ്രസാണെന്നും ഉദയനിധി കുറ്റപ്പെടുത്തി. നരേന്ദ്ര മോദിയും അമിത് ഷായുമാണ് രാജ്യത്ത് ബിജെപിയുടെ വിജയത്തിന് കാരണമെന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ കോൺഗ്രസാണ് അതിന് വഴിയൊരുക്കിയതെന്ന് വ്യക്തമായി. കഴിഞ്ഞ പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ കോൺഗ്രസിനെ തോളിലേറ്റിയാണ് ജയത്തിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *