ടോക്കിയോ : ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച പുലർച്ചെയാണ് ഭൂകമ്പമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവാട്ടെയുടെയും അയൽ പ്രവിശ്യകളുടെയും ചില ഭാഗങ്ങളിലാണ് ഭൂകമ്പമുണ്ടായത്. അതേസമയം, ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. ഇവാട്ടെ തീരത്ത് പ്രാദേശിക സമയം രാവിലെ 7.25 ന് ഏകദേശം 40 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. അമോറി സമീപ പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. വ്യാഴാഴ്ച ഇതേ പ്രദേശത്ത് 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായതിന് ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റവും പുതിയ ഭൂകമ്പം ഉണ്ടായത്.
കൂടുതൽ തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചുഴലിക്കാറ്റ് ഭീഷണിക്കൊപ്പം ഭൂകമ്പസാധ്യതയും നിലനിൽക്കുന്നതിനാൽ അധികൃതർ കടുത്ത ആശങ്കയിലാണ്.
