ഷാർജ : എമിറേറ്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരുടെ സേവനങ്ങളെ മാനിക്കുന്നതിന്റെ ഭാഗമായി ഷാർജയിൽ പോലീസിൽനിന്നു വിരമിച്ചവർക്കായി പെരുന്നാളാഘോഷം സംഘടിപ്പിച്ചതായി റിപ്പോർട്ട്. ഷാർജ പോലീസ് കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് പ്രിവൻഷൻ ഡിപ്പാർട്ട്‌മെന്റിന്റെയും സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റിന്റെയും നേതൃത്വത്തിലായിരുന്നു വിരമിച്ച ഉദ്യോഗസ്ഥരെ സന്ദർശിച്ചുകൊണ്ട് ആഘോഷം സംഘടിപ്പിച്ചത്.
ഷാർജ നഗരത്തിലെയും കിഴക്കൻ പ്രദേശങ്ങളിലെയും മുൻ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ‘നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കില്ല’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി നടത്തിയത്. വർഷംതോറും അവധിക്കാലങ്ങളിലും പ്രത്യേക അവസരങ്ങളിലും സമാന ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. മുൻ ജീവനക്കാരുമായി തുടർച്ചയായ ആശയവിനിമയം നടത്തുക, സ്ഥാപനവും മുൻ ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് സന്തോഷം പങ്കിടുക എന്നിവയാണ് ഇത്തരം പരിപാടികളുടെ പ്രധാന ലക്ഷ്യങ്ങൾ.
