എട്ട് മരണം, ഏഴുപേരെ കാണാതായി

തിരുവനന്തപുരം : കനത്തമഴയെത്തുടർന്ന് സംസ്ഥാനത്ത് ഉരുൾപൊട്ടലും പ്രളയസമാനമായ വെള്ളപ്പൊക്കവും. മഴക്കെടുതിയിൽ എട്ടുപേർക്ക് ജീവൻ നഷ്ടമായി. ഏഴുപേരെ കാണാതായി. മലയോരമേഖലകളിൽ ഉരുൾപൊട്ടൽ ഭീതിപടർത്തി. പുഴകൾ കരകവിഞ്ഞു, താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒട്ടേറെപ്പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കുമാറ്റി. വ്യാപകകൃഷിനാശവും വസ്തുനാശവുമുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് തോരാമഴ ഏറെ നാശം വിതച്ചത്. ഉരുൾപൊട്ടിയും ഗതാഗതം തടസ്സപ്പെട്ടും മലയോരമേഖലകളും നദികൾ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളും ഒറ്റപ്പെട്ടതോടെ സംസ്ഥാനം രൂക്ഷമായ മഴക്കെടുതിയിലായി. കോട്ടയത്ത് മീനച്ചിലാർ കരകവിഞ്ഞ്‌ പാലാ നഗരം വെള്ളത്തിൽ മുങ്ങി. എരുമേലി, മുണ്ടക്കയം, മണിമല ടൗണുകളിലും വെള്ളം കയറി. ഈരാറ്റുപേട്ട- വാഗമൺ റോഡിൽ എട്ടിടത്ത്‌ കല്ലുകൾവീണ്‌ ഗതാഗതം മുടങ്ങി. ഏറ്റുമാനൂർ -പൂഞ്ഞാർ, പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതകളിൽ പലയിടത്തും വെള്ളം കയറി ഗതാഗതം മുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *