ന്യൂചണ്ഡീഗഡ്: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയർ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയശേഷം സെഞ്ചുറിക്ക് 4 റണ്‍സകലെ പുറത്തായി ഡഗ് ഔട്ടിലെത്തിയ 15-കാരന്‍ വൈഭവ് സൂര്യവംശിയോട് ദേഷ്യപ്പെട്ട് രാജസ്ഥാന്‍ നായകന്‍ റിയാൻ പരാഗ്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് വൈഭവ് തൊണ്ണൂറുകളിൽ വീഴുന്നത്. എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 29 പന്തിൽ 97 റൺസെടുത്ത് പുറത്തായ വൈഭവ്, ഗുജറാത്തിനെതിരെ 96 റൺസിലാണ് വീണത്. നിരാശയോടെ ഡഗ്ഔട്ടിലേക്ക് മടങ്ങിയെത്തിയ വൈഭവിനോട് ക്യാപ്റ്റൻ റിയാൻ പരാഗ് ദേഷ്യത്തോടെ കൈചൂണ്ടി സംസാരിക്കുന്നത് തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറകൾ ഒപ്പിയെടുക്കുകയായിരുന്നു.
വെള്ളം കുടിച്ചുകൊണ്ട് നിസ്സഹായനായി നിൽക്കുന്ന വൈഭവിനോട് പരാഗ് വീണ്ടും വിരല്‍ ചൂണ്ടി ദേഷ്യപ്പെട്ട് സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പരാഗിന്‍റെ അപക്വമായ പെരുമാറ്റത്തിനെതിരെ ആരാധകര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ടീമിനെ തകർച്ചയിൽ നിന്നും ഒറ്റയ്ക്ക് രക്ഷിച്ച 15 കാരനോട് പരസ്യമായി ദേഷ്യപ്പെട്ട ക്യാപ്റ്റൻ റിയാൻ പരാഗിന്‍റെ നടപടിയാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചത്. ഈ സീസണിലാകെ രണ്ട് മത്സരങ്ങളില്‍ മാത്രം തിളങ്ങിയ പരാഗിന് ടീമിന്‍റെയും ഐപിഎല്ലിലെയും ടോപ് സ്കോററായ വൈഭവിനോട് ദേഷ്യപ്പെടാന്‍ എന്തവകാശമാണുള്ളതെന്ന് ആരാധകര്‍ ചോദിക്കുന്നു. മത്സരത്തിൽ പരാഗ് വെറും 11 റൺസെടുത്തു മാത്രമാണ് പുറത്തായത്. സീസണിലുടനീളം വൈഭവിന്റെ പകുതി റൺസ് പോലും നേടാനാകാത്ത ക്യാപ്റ്റൻ, യുവതാരത്തെ മാനസികമായി തളർത്തുകയാണെന്ന് ആരാധകർ കുറ്റപ്പെടുത്തി.
