സൗദിയിലെ ഖസീമിൽ 6ാമത് ഹബ്ബ് ആരംഭിച്ച് ഫ്ലൈനാസ്

റിയാദ്: പ്രമുഖ സൗദി എയർലൈനായ ഫ്ലൈനാസ് ഖസീമിലെ പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തങ്ങളുടെ പുതിയ പ്രവർത്തന ഹബ്ബ് ആരംഭിക്കുന്നു. വിമാനത്താവളങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ‘ക്ലസ്റ്റർ 2 എയർപോർട്ട്സ് കമ്പനി’യുമായി സഹകരിച്ചാണ് അടുത്ത ജൂലൈ മുതൽ പുതിയ ഹബ്ബ് പ്രവർത്തനസജ്ജമാകുന്നത്. ഇതോടെ സൗദി അറേബ്യയിലുടനീളം ആറ് ഹബ്ബുകളിൽ നിന്ന് സർവീസ് നടത്തുന്ന ആദ്യത്തെ സൗദി എയർലൈനായി ഫ്ലൈനാസ് മാറും. വരുന്ന ജൂലൈ മുതൽ ഖസീമിൽ നിന്നുള്ള ആദ്യഘട്ട സർവീസുകൾ ആരംഭിക്കുമെന്നും ഇതിലൂടെ അഞ്ച് ആഭ്യന്തര, അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ ലഭ്യമാക്കുമെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്താംബുൾ, തുർക്കിയിലെ ട്രാബ്സൺ, കെയ്റോയിലെ സ്ഫിങ്ക്സ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങ‌ളിലേക്കാണ് ആദ്യഘട്ടത്തിലെ അന്താരാഷ്ട്ര സർവീസുകൾ. അബഹ, ദമ്മാം എന്നീ സ്ഥലങ്ങളിലേക്കാണ് ആഭ്യന്തര സർ‌വീസുകൾ. യാത്രക്കാർക്ക് കൂടുതൽ യാത്രാ ഓപ്ഷനുകൾ നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ റിയാദ്, ജിദ്ദ, ദമ്മാം, മദീന, അബഹ എന്നിവിടങ്ങളിൽ നിന്നുള്ള തങ്ങളുടെ സർവീസുകൾക്ക് പുറമെ, ഖസീം ഹബ്ബിൽ നിന്നുള്ള ആഭ്യന്തര അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം ഘട്ടങ്ങളായി ഇരട്ടിയാക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *