പാകിസ്ഥാൻ സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണ് അപകടം

മുസാഫറാബാദ്: പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപം പാകിസ്ഥാൻ സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണ് അപകടം. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി പാക് സൈന്യം അറിയിച്ചു. പാകിസ്ഥാൻ ആർമി ഏവിയേഷൻ്റെ എംഐ-17 ഹെലികോപ്ടർ ആണ് അപകടത്തിൽപെട്ടത്. ഹെലികോപ്ടർ പറന്നുയർന്നതിന് പിന്നാലെ തീപിടിക്കുകയും തകർന്നുവീഴുകയുമായിരുന്നു.

ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചെങ്കിലും മരണപ്പെട്ടവരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുസാഫറാബാദിൽ തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ശക്തമാക്കിയിരുന്നു. ഹെലികോപ്ടറിൽ 21 സൈനികർ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നിട്ടുണ്ട്.

അടിയന്തര ലാൻഡിങ്ങിന് ജീവനക്കാർ ശ്രമം നടത്തിയെങ്കിലും ഹെലികോപ്ടർ തകർന്നുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടകാരണം കണ്ടെത്താനായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യൻ നിർമ്മിത മീഡിയം ലിഫ്റ്റ് ട്രാൻസ്പോർട്ട് ഹെലികോപ്റ്ററാണ് എംഐ-17 (Mi-17). മിൽ മോസ്കോ ഹെലികോപ്റ്റർ പ്ലാന്റ് വികസിപ്പിച്ചെടുത്ത ഈ ഹെലികോപ്റ്റർ, എംഐ-8-ന്റെ (Mi-8) പരിഷ്കരിച്ച പതിപ്പാണ്. 30 സൈനികരെ വരെ വഹിക്കാവുന്ന ഹെലികോപ്ടറിന് 4000 കിലോ കാർഗോ ശേഷിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *