ഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ തന്റെ സുരക്ഷാ വാഹനവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. സുരക്ഷാ വ്യൂഹത്തിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഇതിനായി പുതിയ വാഹങ്ങൾ വാങ്ങുന്നതിന് പകരം, ഉള്ള വാഹനങ്ങളെ ഇലക്ട്രിക് ആക്കി മാറ്റാനാണ് പ്രധാനമന്ത്രിയുടെ നിർദേശം. സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചുകഴിഞ്ഞു. പശ്ചിമേഷ്യൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന ഊർജ്ജ പ്രതിസന്ധി കണക്കിലെടുത്ത് പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കാനും, സാധ്യമാകുന്നിടത്തെല്ലാം വീട്ടിൽ നിന്ന് ജോലി ചെയ്യാനും, അനാവശ്യമായ വിദേശ യാത്രകൾ ഒഴിവാക്കാനും പ്രധാനമന്ത്രി മോദി പൗരന്മാരോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
പ്രധാനമന്ത്രിയുടെ ഈ നീക്കത്തിന് പിന്നാലെ ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാനാണ് നിര്‍ദ്ദേശം. കൂടാതെ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് കോണ്‍വോയ് വാഹനങ്ങള്‍ കുറച്ചു. 13 ല്‍ നിന്ന് എട്ട് ആക്കിയാണ് കുറച്ചത്. ഒപ്പം കേന്ദ്ര സഹമന്ത്രി രാംദാസ് അത്താവാലെ മെട്രോയില്‍ സഞ്ചരിച്ചും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
