ചെന്നൈ: പ്രതികാര നടപടിയുമായി വിജയ് സർക്കാർ. പുതിയ തലമുറൈ ചാനലിനെതിരെ ആണ് തമിഴ്നാട് സർക്കാർ നടപടി സ്വീകരിച്ചത്. ചാനലിനെ കേബിൾ നെറ്റ് വർക്കിൽ നിന്നും സർക്കാർ ഒഴിവാക്കി. നോട്ടിസ് നൽകാതെയാണ് നടപടി. തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങൾ, നീലാങ്കരയിലെ വീട്ടിൽ നിന്നുള്ള വിജയ്‍യുടെ യാത്ര കാരണം ജനത്തിനും പൊലീസിനും ഉള്ള ബുദ്ധിമുട്ടുകൾ എന്നിവയെക്കുറിച്ച് ചാനൽ റിപോർട്ടുകൾ നൽകിയിരുന്നു. ഡൽഹി സന്ദർശനത്തിന് ശേഷം വിജയ് മാധ്യമങ്ങളെ ഒഴിവാക്കിയതിൽ വിമർശിച്ചും കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
ഡൽഹിയിൽ മുഖ്യമന്ത്രിമാർ വാർത്താസമ്മേളനം നടത്തുന്നതായിരുന്നു പതിവ്. എന്നാൽ, മാധ്യമങ്ങളെ കാണാതെയാണ് വിജയ് മടങ്ങിയത്. സ്റ്റാലിൻ സർക്കാരിനെ വിമർശിച്ചപ്പോഴും ചാനലിനെതിരെ നടപടി ഉണ്ടായിരുന്നു. അതേസമയം, സർക്കാർ നടപടിക്ക് പിന്നാലെ രൂക്ഷവിമർശനവുമായി ചെന്നൈ പ്രസ് ക്ലബ്ബ് രംഗത്തെത്തി. ചാനലിനെതിരെയുള്ള നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ചാനൽ പുന:സ്ഥാപിച്ചില്ലെങ്കിൽ പരസ്യപ്രതിഷേധം ഉണ്ടാകുമെന്നും ചെന്നൈ പ്രസ് ക്ലബ് മുന്നറിയിപ്പ് നൽകി.
