തിരുവനന്തപുരം: എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ശേഷാദ്രിനാഥിനെ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കുന്നതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുകളുയർന്നിരുന്നു. അദ്ദേഹത്തിന് സംഘപരിവാർ ബന്ധമുണ്ടെന്ന് ചില കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഭരണ മുന്നണിയിൽ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് ഗവർണർ നിയമനത്തിന് അംഗീകാരം നൽകിയിരിക്കുന്നത്.
മാർച്ച് 30-ന് എ. ഷാജഹാൻ സ്ഥാനമൊഴിഞ്ഞതിനുശേഷം മൂന്നുമാസത്തോളമായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ചവറ കുടുംബക്കോടതി ജഡ്ജിയായിരുന്ന കെ.ജി. സനൽകുമാറിനെ കമ്മിഷണറായി നിയമിക്കാൻ മുൻ എൽ.ഡി.എഫ്. സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ജഡ്ജിയായിരിക്കേ നിയമനത്തിന് ഹൈക്കോടതിയുടെ അനുമതിതേടിയില്ലെന്ന വിമർശനമുയർത്തി ഗവർണർ നിയമനാനുമതി നിഷേധിച്ചിരുന്നു. പിന്നീടാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ശേഷാദ്രിനാഥനെ നിയമിക്കാൻ തീരുമാനിക്കുന്നത്.
എറണാകുളം സ്വദേശിയാണ് ശേഷാദ്രിനാഥൻ. 2018 ഫെബ്രുവരിയിലാണ് ജില്ലാ ജഡ്ജിയാകുന്നത്. കണ്ണൂർ തളിപ്പറമ്പ് മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ (എം.എ.സി.ടി.), എറണാകുളം അഡിഷണൽ ജില്ലാ ജഡ്ജി, തിരുവനന്തപുരം അഡിഷണൽ ജില്ലാ ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് കേരള സഹകരണ ട്രിബ്യൂണൽ, കൊച്ചിയിലെ സ്പെഷ്യൽ ജഡ്ജി (എൻ.ഐ.എ./സി.ബി.ഐ.), കവരത്തി ജില്ലാ ജഡ്ജി എന്നിങ്ങനെ പ്രവർത്തിച്ചു. 1990 ജനുവരി 13-നാണ് അഭിഭാഷകനായി എന്റോൾ ചെയ്തത്. 2000-ൽ കേരള ജുഡീഷ്യൽ സർവീസിൽ മുൻസിഫ് മജിസ്ട്രേറ്റായി തിരഞ്ഞെടുക്കപ്പെട്ടു. 2026 മേയ് 31-ന് ജുഡീഷ്യൽ സർവീസിൽനിന്ന് വിരമിച്ചു. സേവനകാലാവധി നീട്ടിക്കിട്ടിയതിനെത്തുടർന്ന് ഇരിങ്ങാലക്കുട കുടുംബക്കോടതി ജഡ്ജിയായി പ്രവർത്തിച്ചിരുന്നു.
