റിയാദ്: തീർഥാടകർക്ക് നൽകുന്ന ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ വിവരശേഖരണ കേന്ദ്രം പൂർണമായും അടച്ചുപൂട്ടി. ആധുനിക ക്ലൗഡ് കമ്പ്യൂട്ടിങ് സാങ്കേതികവിദ്യയിലേക്ക് മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായി മാറ്റിയതിനെ തുടർന്നാണ് ഈ നടപടി. സാങ്കേതിക സൗകര്യങ്ങളുടെ സന്നദ്ധത ഉറപ്പാക്കാനും ബിസിനസ് തുടർച്ച നിലനിർത്താനും തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പമാക്കാനും ഈ മാറ്റം സഹായിക്കുമെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ-റബീഅ പ്രഖ്യാപിച്ചു.
2002-ൽ സ്ഥാപിതമായ ഈ ഡാറ്റാ സെന്റർ കഴിഞ്ഞ 24 വർഷമായി മന്ത്രാലയത്തിന്റെ ഡിജിറ്റൽ സേവനങ്ങളുടെ അടിസ്ഥാനമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. അടുത്ത വർഷങ്ങളിൽ കൂടുതൽ വിപുലമായ സേവനങ്ങൾ നൽകാൻ ഈ പുതിയ സാങ്കേതിക പശ്ചാത്തലം മന്ത്രാലയത്തെ സഹായിക്കും .പ്രതിവർഷം 20 ദശലക്ഷത്തിലധികം ഹജ്ജ്-ഉംറ തീർഥാടകർക്കാണ് ഈ വിവരശേഖരണ കേന്ദ്രം സേവനം നൽകിയിരുന്നത്. ഹജ്ജ്-ഉംറ ഇലക്ട്രോണിക് ട്രാക്ക്, ‘നുസുക്’ ആപ്, നുസുക് കാർഡ് എന്നിവ ഇതിന്റെ പ്രധാന സേവനങ്ങളിൽ ഉൾപ്പെടുന്നു. 70-ലധികം പ്രാദേശിക-അന്തർദേശീയ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ സംവിധാനം വഴി 51 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്കായി 500-ലധികം ഡിജിറ്റൽ സേവനങ്ങളാണ് മന്ത്രാലയം ലഭ്യമാക്കുന്നത്.
