ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റം; സർക്കാർ വാദം പൊളിയുന്നു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. റീന കെ ജെയെ മാറ്റിയതില്‍ സര്‍ക്കാര്‍ വാദം പൊളിയുന്നു. സ്ഥാനമാറ്റത്തിനായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ 15 ദിവസത്തെ അവധി റീന എടുത്തിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു. രണ്ടര ദിവസത്തെ അവധിയാണ് റീന എടുത്തത്. രണ്ടര ദിവസത്തെ അവധി എടുക്കുന്നുവെന്ന് ആവശ്യപ്പെട്ടുള്ള റീനയുടെ അവധി അപേക്ഷയും പുറത്ത് വന്നു.

അതേസമയം തന്നോട് യാതൊരു കൂടിയാലോചനയുമില്ലാതെയാണ് നടപടിയെന്ന് റീന പറയുന്നത്. ‘ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് സ്ഥാനമാറ്റം അറിഞ്ഞത്. ആരോഗ്യപ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അവധി ആവശ്യപ്പെട്ടുള്ള കത്ത് അയച്ചിട്ടാണ് രണ്ടര ദിവസം അവധിയെടുത്തത്. അതെങ്ങനെ 15 ദിവസം എന്ന് കാണിച്ചു. എനിക്ക് അത്ഭുതമാണ് തോന്നുന്നത്. ശബരിമലയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിട്ടുനല്‍കില്ലെന്ന് പറഞ്ഞിട്ടില്ല. ഇതൊരു നടപടിയായി തോന്നുന്നു’, റീന പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയ ഉത്തരവ് പുറത്തിറങ്ങിയത്. അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല. എറണാകുളം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കാണ് ഡോക്ടര്‍ റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *