തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായി. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. ആറന്മുള മേഖലയിൽ വെള്ളപ്പൊക്കം അതീവ രൂക്ഷമായി തുടരുന്നു.
കോഴിക്കോട് കണ്ണാടിക്കലിൽ ഇരുനൂറിലധികം വീടുകളിൽ വെള്ളം കയറി. ഫയർഫോഴ്‌സിന്റെയും കെ. ജയന്ത് എം.എൽ.എയുടെയും നേതൃത്വത്തിൽ ബോട്ടുകളുപയോഗിച്ച് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. മലയോര മേഖലകളിൽ പെയ്ത മഴയാണ് നഗരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായത്. കിടപ്പുരോഗികളെയും പ്രായമായവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മൂവാറ്റുപുഴയിലും പാലായിലും വെള്ളക്കെട്ട് തുടരുന്നു. മൂവാറ്റുപുഴയിലെ ഇലാഹിയ നഗറിൽ വെള്ളം ഇറങ്ങിയതിനെത്തുടർന്ന് വീട് വൃത്തിയാക്കി മടങ്ങിയവർ, വെള്ളം വീണ്ടും കയറിയതോടെ ക്യാമ്പുകളിലേക്ക് തന്നെ തിരിച്ചുപോയി. ഇവിടെ അഞ്ച് ക്യാമ്പുകളിലായി ഒട്ടേറെ കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. പാലാ നഗരത്തിലും ജലനിരപ്പ് ഉയരുകയാണ്. പാലാ-കോട്ടയം റൂട്ടിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വലിയ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ ഈ പാതയിലൂടെ കടന്നുപോകുന്നത്. മലയോര മേഖലകളിൽ മഴ തുടരുന്നതിനാൽ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു.
10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ആശങ്ക വർധിച്ചിട്ടുണ്ട്. നിലവിൽ വെള്ളപ്പൊക്ക കെടുതികൾ നേരിടുന്ന ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
