കൊച്ചി: ഹെെക്കോടതി അഭിഭാഷക അൻജു അശോകുമായി നടത്തിയ അഭിമുഖം. അഡ്വക്കേറ്റ് അഞ്ജു അശോക് വിശദീകരിക്കുന്നതുപോലെ, ഓൺലൈൻ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇരകൾ അതിവേഗം നിയമനടപടികൾ സ്വീകരിക്കേണ്ടത് നിർണായകമാണ്. സൈബർ തട്ടിപ്പുകൾ നടന്നാൽ വൈകാതെ പരാതി നൽകുകയും ബന്ധപ്പെട്ട സംവിധാനങ്ങളെ അറിയിക്കുകയും വേണം. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത്തരത്തിലുള്ള പരാതികൾ സ്വീകരിക്കാനുള്ള ബാധ്യത പോലീസിനുണ്ട്. സാമ്പത്തിക തട്ടിപ്പുകൾ നടന്നാൽ ബാങ്കിനെ അറിയിച്ച് അക്കൗണ്ടുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതും അത്യാവശ്യമാണ്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതും ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്നതുമായ സംഭവങ്ങൾ വർധിച്ചുവരികയാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ഐടി നിയമപ്രകാരം ശക്തമായ നടപടികൾ സ്വീകരിക്കാൻ സാധിക്കും.
കേസുകൾ നീണ്ടുപോകുന്ന സാഹചര്യത്തിൽ കോടതിയുടെ ഇടപെടലിലൂടെ വേഗത്തിൽ തീർപ്പാക്കാനുള്ള നിയമസാധ്യതകളും ലഭ്യമാണ്. അതേസമയം, ആശുപത്രികളുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അനാസ്ഥകൾക്ക് എതിരെ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച് നഷ്ടപരിഹാരം ആവശ്യപ്പെടാനും നിയമം അവസരം നൽകുന്നുണ്ട്.
