കൊച്ചി : ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ട്രെയിലർ റിലീസ് മാറ്റിവച്ചു. ഇന്ന് വൈകുന്നേരം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ട്രെയിലർ സാങ്കേതിക തകരാർ കാരണം മാറ്റിവയ്ക്കുകയായിരുന്നു. വൈകാതെ തന്നെ ട്രെയിലർ റിലീസ് ചെയ്യുമെന്ന് വേഫെയർ ഫിലിംസ് അറിയിച്ചിട്ടുണ്ട്. ‘സാങ്കേതിക തകരാർ കാരണം ഇന്നത്തെ ‘ഐ ആം ഗെയിം ട്രെയിലർ റിലീസ് മാറ്റിവെച്ചു. ഏറ്റവും മികച്ച രീതിയിൽ ഇത് അവതരിപ്പിക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ഷെഡ്യൂൾ ഉടൻ തന്നെ അറിയിക്കും. നിങ്ങളുടെ ക്ഷമയ്ക്കും പിന്തുണയ്ക്കും നന്ദി’, എന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചത്. 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ഐ ആം ഗെയിം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായ ആണ്. ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.
ആരാധകരെ നിരാശരാക്കി ‘ഐ ആം ഗെയിം
