ദുബായ്: ഹോർമുസ് കടലിടുക്കിന് സമീപം ചരക്ക് ബോട്ടിന് തീപിടിച്ച് ഇന്ത്യൻ പൗരൻ മരിച്ചു. 18 ഇന്ത്യൻ ജീവനക്കാരുമായി പോയ തടികൊണ്ടുണ്ടാക്കിയ ചരക്ക് ബോട്ടാണ് തീപിടിച്ച് കടലിൽ താഴ്ന്നത്. സംഘർഷ മേഖലയിൽ ഉണ്ടായ അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരണപ്പെടുകയും നാല് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. അതേസമയം തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
അഗ്നിബാധയെ തുടർന്ന് ബോട്ട് പൂർണമായും കടലിൽ മുങ്ങിപ്പോയെങ്കിലും സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പലിന്റെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. കടലിൽ അകപ്പെട്ട 17 ജീവനക്കാരെ ഈ കപ്പലിലെ ആളുകൾ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽപ്പെട്ട ബോട്ട് പൂർണമായും നശിച്ചു.
അപകടത്തിൽ പരിക്കേറ്റ നാല് ഇന്ത്യക്കാരും നിലവിൽ ദുബായിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ രക്ഷപ്പെട്ട ജീവനക്കാരെ നേരിൽ കാണുകയും അവർക്ക് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ബോട്ട് ഉടമയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് ആവശ്യമായ മറ്റ് സഹായങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ കോൺസുലേറ്റ് തുടരുകയാണ്. അതേസമയം തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
