കുവൈത്ത് വിമാനത്താവളത്തിൽ തീർഥാടകർക്ക് സുഗമ യാത്ര ഉറപ്പാക്കാൻ പരിശോധന

കുവൈത്ത് : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടി4 യാത്രാ ടെർമിനലിൽ ഹജ്ജ് തീർഥാടകരുടെ യാത്രാ നടപടികൾ സുഗമമാക്കുന്നതിനായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പരിശോധന നടത്തി. യൂസഫ് ഖാലിദ് അൽ നുവൈഫിന്റെ നേതൃത്വത്തിൽ സാലിഹ് മുഹമ്മദ് അൽ ഒമർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത പരിശോധനയിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ, പരിശോധന സംവിധാനങ്ങൾ, വിവിധ ഏജൻസികളുടെ ഏകോപനം എന്നിവ വിലയിരുത്തി. ഹജ്ജ് യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. വിമാനത്താവളത്തിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തേണ്ടതിൻറെ പ്രാധാന്യവും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ടി4 ടെർമിനലിൽ സേവനമനുഷ്ഠിക്കുന്ന കസ്റ്റംസ് ജീവനക്കാരുടെ പ്രവർത്തനത്തെയും അതിർത്തി സുരക്ഷ ഉറപ്പാക്കിക്കൊണ്ട് യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്ന ശ്രമങ്ങളെയും അധികൃതർ അഭിനന്ദിച്ചു. ഹജ്ജ് സീസണിനിടെ രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും കസ്റ്റംസ് വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും യാത്രാ നടപടികൾ തടസ്സമില്ലാതെ ഉറപ്പാക്കാൻ മനുഷ്യവിഭവശേഷിയും സാങ്കേതിക സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *