കാലിഫോര്‍ണിയ: ഫിഫ ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇറാൻ സമനില പൊരുതി നേടിയതിന് പിന്നാലെ ഇറാൻ താരത്തിന്‍റെ ഗോളാഘോഷത്തെച്ചൊല്ലി വിവാദം. മത്സരത്തിൽ രണ്ട് വട്ടം പിന്നിലായിട്ടും ഇറാന്‍ സമനില പിടിച്ചിരുന്നു. ഇതില്‍ രണ്ടാം പകുതിയില്‍ 2-1ന് പിന്നിലായപ്പോള്‍ ഇറാന്റെ രക്ഷകനായി നിർണായകമായ സമനില ഗോൾ നേടിയ മിഡ്ഫീൽഡർ മൊഹമ്മദ് മൊഹെബിയുടെ ഗോൾ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഗോളടിച്ചതിന് പിന്നാലെ താരം കൈകൾ കൊണ്ട് ‘തോക്കിൽ നിന്ന് വെടിയുതിർക്കുന്ന’ രീതിയിൽ ആഘോഷിക്കുകയായിരുന്നു. ഇതോടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പെരുമാറിയ താരത്തെ ലോകകപ്പിൽ നിന്ന് ഉടനടി വിലക്കണമെന്ന ആവശ്യവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
കാലിഫോർണിയയിലെ സോഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇറാൻ തോൽവി മുഖത്ത് നിൽക്കുമ്പോഴായിരുന്നു മൊഹെബിയുടെ തകർപ്പൻ ഹെഡ്ഡർ ഗോൾ പിറന്നത്. ഈ ഗോളോടെ ഇറാൻ സമനില (2-2) പിടിച്ചെടുത്തു. എന്നാൽ ഗോൾ നേടിയ ആവേശത്തിൽ മൊഹെബി നടത്തിയ ‘ഗൺ ഫയറിങ്’ ആഘോഷം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ഫിഫ താരത്തിനെതിരെ അടിയന്തരമായി കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്നാണ് ഭൂരിഭാഗം ഫുട്ബോൾ പ്രേമികളുടെയും ആവശ്യം.
