കാഫിർ സ്‌ക്രീൻഷോട്ട്: ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ്. ബിന്ദുകുമാരി അവധി ആയതിനാലാണ് ഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ച കേസ് വിളിച്ചപ്പോൾ വിശദമായ വാദം കേൾക്കാൻ തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു. പിന്നീട് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. ഇതാണ് വീണ്ടും അടുത്ത ദിവസത്തേക്ക് മാറ്റിയത്.

അതേസമയം, പോലീസ് നൽകിയ റിപ്പോർട്ടിൽ ആശങ്കയുണ്ടെന്നും പ്രതിയായ ജിതിൻഭാസ്‌കറിനെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്ന തരത്തിലുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചതെന്നും യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഡ്വ. എം.ടി അഫ്നാസ് ചൂണ്ടിക്കാട്ടി. എസ്‌ഐടി സംഘം നേരത്തെ ചോദ്യംചെയ്ത് വിട്ടയച്ച ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. ഇതിന്റെ വാദം ജൂലായ് മൂന്നാംതീയതി നടക്കും. മുൻകൂർ ജാമ്യത്തെ ശക്തമായി എതിർക്കുമെന്നും റിബേഷ് രാമകൃഷ്ണൻ കൂടെ പ്രതിയാകുന്ന സാഹചര്യത്തിലേക്കാണ് പോവുന്നതെന്നും അഫ്‌നാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *