തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ജൂലൈ 20 മുതൽ സമരത്തിലേക്ക്. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയെ തുടർന്ന് സർവീസുകൾ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക് കടക്കുന്നത്.
സ്വകാര്യ ബസ് പ്രതിസന്ധിയുടെ ഗൗരവം അറിയാമെന്ന് മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. നികുതി 59 ശതമാനം കുറച്ചെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നൽകാമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുകൾ ഓട്ടം നിർത്തരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. സമരങ്ങളോട് ചിലർ കാണിച്ചതുപോലെ അലർജി ഇല്ല. വിഷയം ചർച്ച ചെയ്ത് പരിഹരിക്കാം. സ്വകാര്യ ബസുകൾക്ക് ടാക്സ് കുറച്ച് കൊടുത്തത് അവർക്ക് സഹായമാകാനാണ്. സ്വകാര്യ ബസും കെഎസ്ആർടിസി ഓർഡിനറിയും ഒരുമിച്ച് ഓടുന്ന സ്ഥലങ്ങളിലാണ് പ്രശ്നമെന്നും പരസ്പരം മത്സരിക്കാതെ സമയം ക്രമീകരിച്ച് ഓടുന്ന തരത്തിൽ വിഷയം പരിഹരിക്കാമെന്നും സി പി ജോണ്‍ അറിയിച്ചു.
