ഹൈദരാബാദിനെ പിടിച്ചുകെട്ടി കൊൽക്കത്ത

ഹൈദരാബാദ്: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 166 റൺസ് വിജയലക്ഷ്യമുയർത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് 19 ഓവറിൽ 165 റൺസിന് പുറത്തായി. മികച്ച തുടക്കം ലഭിച്ചെങ്കിലും വരുൺ ചക്രവർത്തിയും സുനിൽ നരെയ്‌നും ചേർന്ന് ഹൈദരാബാദിനെ പിടിച്ചുകെട്ടുകയായിരുന്നു. ഏഴോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിൽ നിന്നാണ് എസ്ആർഎച്ച് തകർന്നടിഞ്ഞത്. അർധസെഞ്ചുറി തികച്ച ട്രാവിസ് ഹെഡാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന്റേത് വെടിക്കെട്ട് തുടക്കമായിരുന്നു. ട്രാവിസ് ഹെഡ് കത്തിക്കയറിയതോടെ ടീം മൂന്നോവറിൽ 37 റൺസിലെത്തി. 15 റൺസെടുത്ത് അഭിഷേക് ശർമ പുറത്തായെങ്കിലും ഹെഡ് എസ്ആർഎച്ച് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. കെകെആർ ബൗളർമാരെ പ്രഹരിച്ച ഹെഡ് 22 പന്തിൽ അർധസെഞ്ചുറിയും തികച്ചു. ഏഴോവർ അവസാനിക്കുമ്പോൾ 84-1 എന്ന നിലയിലായിരുന്നു ടീം. ഒൻപതാം ഓവറിൽ ടീം നൂറുകടന്നെങ്കിലും വിക്കറ്റുകൾ വീഴ്ത്തി കൊൽക്കത്ത തിരിച്ചടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *