ജയ്പൂർ: രാജസ്ഥാനിലെ കോട്ടായിലുള്ള വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ ജീവനൊടുക്കുന്നത് തടയുന്നതിന്റെ ഭാഗമായി സീലിംഗ് ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ചു.
നീറ്റ്, ഐഐടി-ജെഇഇ തുടങ്ങിയ കഠിനമായ മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദവും വർദ്ധിച്ചുവരുന്ന മരണ നിരക്കും കണക്കിലെടുത്താണ് ഹോസ്റ്റൽ അധികൃതർ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
@rvcjinsta എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്ന ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതിന്റെ ഭാഗമായി ഫാനുകളിൽ അമിതഭാരം അനുഭവപ്പെടുമ്പോൾ താഴേക്ക് വീഴുന്ന വിധത്തിലുള്ള സ്പ്രിംഗ്-ലോഡഡ് സംവിധാനങ്ങളും പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും വീഡിയോയിൽ കാണുന്നതുപോലുള്ള ഇരുമ്പ് കൂടുകൾ എല്ലാ ഹോസ്റ്റലുകളിലും ഔദ്യോഗികമായി നടപ്പിലാക്കിയിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല.
വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസത്തിനും വൈകാരിക ക്ഷേമത്തിനും പ്രാധാന്യം നൽകണമെന്ന് പ്രാദേശിക ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. ഹോസ്റ്റലുകളിൽ മികച്ച പിന്തുണാ സംവിധാനങ്ങൾ ഒരുക്കുന്നതിലൂടെയും വിദ്യാർത്ഥികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെയും സമ്മർദ്ദത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
