കോഴിക്കോട് വീണ്ടും മലേറിയ; 63 കാരൻ ചികിത്സയിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിയായ 63 കാരനാണ് മലേറിയ സ്ഥീരീകരിച്ചത്. ​ഇദ്ദേഹം ബീച്ച് ആശുപത്രിയിൽ ചികിൽസയിലാണ്. ചുമട്ടുതൊഴിലാളിക്കാണ് രോ​ഗം ബാധിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പനി ശക്തമായ ഇയാൾക്ക് നടത്തിയ മലേറിയ പരിശാേധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

അതിഥി തൊഴിലാളികൾ തിങ്ങിപ്പാക്കുന്നിടത്താണ് രോ​ഗബാധിതനായ ചുമട്ടുെതാഴിലാളിയും താമസിക്കുന്നത്. ഇവിടെ താമസിക്കുന്ന ആർക്കെങ്കിലും മലേറിയ ബാധ ഉണ്ടായിരിക്കാമെന്നും അതുവഴിയാകാം രോഗം പകർന്നതെന്നുമാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. കഴിഞ്ഞദിവസം തിക്കോടിയിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിക്കും മലേറിയ സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശ് സ്വദേശിയായ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. ചതുപ്പ് പനി എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു. ഏകകോശ ജീവികള്‍ ഉള്‍ക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍, പ്ലാസ്‌മോഡിയം ജനുസ്സില്‍ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. മനുഷ്യനിലേക്ക് രോഗം പകരുന്നത് അനോഫിലിസ് ഇനത്തില്‍പെട്ട പെണ്‍കൊതുകിലൂടെയാണ്. വൈറല്‍ പനി, ഡെങ്കിപ്പനി, ഫ്‌ളൂ എന്നിവയ്ക്ക് ഉണ്ടാകുന്നതുപോലെ ശക്തമായ പനിയും തലവേദനയും ശരീരവേദനയും ആണ് ആദ്യലക്ഷണങ്ങള്‍. അതുപോലെതന്നെ മലേറിയയുടെ രോഗാണുക്കളില്‍ പ്ലാസ്‌മോഡിയം മലേറിയ, പ്ലാസ്‌മോഡിയം ഫാല്‍സിപാറം എന്നിവയില്‍ ഏതു മൂലമാണ് പനി ഉണ്ടാവുന്നത് എന്നതനുസരിച്ച് ലക്ഷണങ്ങളില്‍ മാറ്റങ്ങളും കണ്ടുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *