ബെംഗളൂരു: ബെംഗളൂരുവില്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി മൂത്തമകളും ആണ്‍സുഹൃത്തും. സീഗഹള്ളിയിലെ സായി ഗ്രീന്‍ അപ്പാര്‍ട്ട്‌മെന്റില്‍ തിങ്കളാഴ്ചയാണ് കൂട്ടക്കൊലപാതകം നടന്നത്. സോമസുന്ദര്‍ (55), ഭാര്യ മുത്തുലക്ഷ്മി (48), മകള്‍ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ സോമസുന്ദറിന്റെ മൂത്തമകള്‍ ശ്വേതയും ആണ്‍സുഹൃത്ത് കെന്നത്തും ഒളിവിലാണ്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കെന്നത്തുമായി ശ്വേത വീട്ടിലെത്തി. ഈ സമയം അമ്മ മുത്തുലക്ഷ്മി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സോമസുന്ദറും സുപ്രിയയും പുറത്ത് പോയിരിക്കുകയായിരുന്നു.
ഇതിനിടെ മുത്തുലക്ഷ്മിയുമായി ശ്വേതയും കെന്നത്തും തര്‍ക്കത്തിലേര്‍പ്പെടുകയും വാള്‍ ഉപയോഗിച്ച് ഇവര്‍ മുത്തുലക്ഷ്മിയെ ആക്രമിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുതന്നെ മുത്തുലക്ഷ്മി മരിച്ചു. കൊലപാതകത്തിന് ശേഷം നിലത്തുണ്ടായിരുന്ന രക്തക്കറ ശ്വേതയും കെന്നത്തും ചേര്‍ന്ന് തുടച്ചുനീക്കി. സംഭവത്തിന് പിന്നാലെ സുപ്രിയ വീട്ടിലേക്ക് എത്തി. ഈ സമയം ശ്വേത സുപ്രിയയെ തടഞ്ഞുവെയ്ക്കുകയും കെന്നത്ത് വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. സുപ്രിയ തൽക്ഷണം മരിച്ചു. ഇതിനിടെയാണ് സോമസുന്ദര്‍ വീട്ടിലേക്ക് എത്തുന്നത്. ഇതേ വടിവാള്‍ ഉപയോഗിച്ച് സോമസുന്ദറിനേയും ഇരുവരും ആക്രമിച്ചു. ഗുരുതരമായ പരിക്കുകളോടെ സോമസുന്ദര്‍ വീടിന് പുറത്തേയ്ക്ക് ഓടി.
എന്നാല്‍ വഴിയില്‍ വീണ് മരിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. മൂന്ന് പേരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.കെന്നത്തുമായുള്ള ശ്വേതയുടെ ബന്ധത്തിന് മാതാപിതാക്കള്‍ എതിരായിരുന്നു. ഇതാകാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന് പുറമേ ശ്വേതയ്ക്ക് 30 ലക്ഷത്തോളം രൂപയുടെ കടമുണ്ടായികുന്നു. ഇതേപ്പറ്റി മാതാപിതാക്കള്‍ ചോദ്യം ചെയ്തതും വൈരാഗ്യത്തിന് കാരണമായെന്നാണ് പൊലീസ് കരുതുന്നത്. പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
