ഇടുക്കി: കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്രം തള്ളിയതിന് കാരണം കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ തട്ടിപ്പെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. രാജ്യത്തിന്റെ നിയമങ്ങൾ അറിയാതെയാണ് മുൻ സർക്കാർ ഇത്തരം നടപടികളിലേക്ക് കടന്നതെന്നും വിഷയത്തിൽ കേന്ദ്ര വനം മന്ത്രിയുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിയമ വകുപ്പുമായി ആലോചിച്ച് തുടർനടപടികൾ കൈക്കൊള്ളും.
ഇഎസ്എയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര നടപടിയുണ്ടാകുമെന്നും, ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കാനുള്ള പരിശോധനകൾ നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോക്സഭയിൽ അടൂർ പ്രകാശ് എം പിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരമില്ലെന്ന് കേന്ദ്ര പരിസ്ഥിതി-വനം സഹമന്ത്രി കീർത്തി വർധൻ സിംഗ് വ്യക്തമാക്കിയത്.
മനുഷ്യ – വന്യജീവി സംഘർഷങ്ങൾ തടയുന്നതിനുള്ള പൂർണ്ണ ചുമതല സംസ്ഥാന സർക്കാരിനാണെന്നും ഇതിനായി 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യത്തിന് വ്യവസ്ഥകളുണ്ടെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിലുള്ള നിയമങ്ങൾ ഉപയോഗിച്ച് ആവശ്യമായ നടപടികളുമായി സംസ്ഥാനത്തിന് മുന്നോട്ട് പോകാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
