ഡൽഹി: ധർമേന്ദ്ര പ്രധാനെ മാറ്റാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പ്രധാനമന്ത്രി ജനാധിപത്യ മര്യാദ പാലിക്കണം. അല്ലെങ്കിൽ മോദി ഒറ്റപ്പെടുമെന്നും എം.എ. ബേബി പറഞ്ഞു. ഈ സർക്കാരിൻ്റെ അവസാനത്തിന്റെ ആരംഭം ആയിരിക്കും. പ്രശാന്തിന്റെ അറസ്റ്റിൽ സംസ്ഥാന നേതാക്കൾ പ്രതികരിക്കട്ടെ. കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് ഇന്ന് സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്യും. അതിനുമുൻപ് അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. രാജ്യത്തെ യുവതയുടെ ക്ഷേമത്തേക്കാള്‍ വലുതല്ല മറ്റൊന്നും എന്ന് മോദിയുടെ എക്സ് പോസ്റ്റ്. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ തുടരും. ചോദ്യപേപ്പർ ചോർച്ച കേസുകൾ പരിഗണിക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും മോദി കുറിച്ചു.
കേന്ദ്രത്തിൻ്റെ അനുനയനീക്കത്തിൽ വഴങ്ങാതെ പ്രതിഷേധം തുടരാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം. ധർമ്മേന്ദ്രപ്രധാൻ രാജി വയ്ക്കും വരെ സമരം തുടരും എന്നാണ് നിലപാട്. തുറന്ന വേദിയിൽ ചർച്ച വേണമെന്നാണ് സിജെപി നേതൃത്വത്തിന്റെ ആവശ്യം. അതേസമയം ഇന്നലെ രാത്രിയും ഡൽഹി ടോൾസ്റ്റോയ് മാർഗിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞെന്നാണ് പൊലീസിൻ്റെ ആരോപണം.
