തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചിതിൽ എതിർപ്പ് പ്രകടിപ്പിച്ച് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് അദ്ദേഹം അറിയിച്ചു. എൻ ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്നും തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിക്ക് ഇതൊന്നും ബോധ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നഷ്ടപ്പെട്ട വിശ്വാസ്യത ജനാധിപത്യ ഇന്ത്യക്ക് അപമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് കേരളത്തിലെ സുപ്രധാനമായ പദവിയാണ്. ഗവർണർ ഒപ്പ് വച്ചാൽ പിന്നെ മാറ്റാൻ കഴിയില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് അപ്രത്യക്ഷമായി. ഒളിക്കാൻ ഒന്നുമില്ലെങ്കിൽ അതെല്ലാം എവിടെപ്പോയി എന്നും അദേഹം ചോദിച്ചു. കഴിഞ്ഞകാല സമൂഹമാധ്യമ ഇടപെടലിനെ കുറിച്ച് അന്വേഷിക്കണമെന്നും നിയാസ് ആവശ്യപ്പെട്ടു. മന്ത്രിക്ക് അതിന്റെ കോപ്പികൾ എല്ലാം നൽകും. വകുപ്പ് മന്ത്രിക്ക് അങ്ങനെയെങ്കിലും ബോധ്യപ്പെടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി വിഡി സതീശനെ കാണാൻ ശ്രമിക്കുമെന്ന് നിയാസ് വ്യക്തമാക്കി. കാര്യങ്ങൾ ബോധ്യപ്പെടുത്തും. ആഭ്യന്തരമന്ത്രിയെ ബോധിപ്പിച്ചു. കാര്യങ്ങൾ വ്യക്തമായി എന്ന് വിശ്വസിക്കുന്നു. സർക്കാർ നിയമനം ഹോൾഡ് ചെയ്തു എന്നാണ് വിവരമെന്നും അദേഹം കൂട്ടിച്ചേർത്തു. എൻ. ശേഷാദ്രിനാഥനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് പരിശോധിച്ച ശേഷമെന്നായിരുന്നു തദ്ദേശമന്ത്രി കെ എം ഷാജിയുടെ പ്രതികരണം.അദ്ദേഹം ആ സ്ഥാനത്തിന് യോഗ്യനാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എൻ, ശേഷാദ്രിനാഥനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് മന്ത്രി കെ എം ഷാജി പറഞ്ഞിരുന്നു. പിന്നാലെയാണ് പിഎം നിയാസ് വിമർശനം കടുപ്പിച്ചിരിക്കുന്നത്.
