നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന് പ്രഖ്യാപിക്കും. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ സംബന്ധിച്ച അന്തിമവിധി പറയു

ശിക്ഷ നിർണയത്തിന് മുന്നോടിയായി ജില്ലാ നിയമസഹായ അതോറിറ്റി (DLSA) സമർപ്പിച്ച റിപ്പോർട്ടിന്മേലുള്ള വാദം വ്യാഴാഴ്ച പൂർത്തിയായി. പ്രതി പറഞ്ഞ കാര്യങ്ങൾ അതേപടി രേഖപ്പെടുത്തിയ റിപ്പോർട്ടാണിതെന്നും, സ്വതന്ത്രമായ സാമൂഹിക വിലയിരുത്തൽ റിപ്പോർട്ടല്ലെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ റിപ്പോർട്ടിനെ ശക്തമായി എതിർത്തു.

ജയിലിൽ ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് കൊല്ലപ്പെട്ട സുധാകരന്റെ മകളെ സംരക്ഷിക്കാമെന്ന പ്രതിയുടെ വാദം പരിഹാസ്യവും അംഗീകരിക്കാനാകാത്തതുമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. “പ്രകോപിപ്പിച്ചാൽ ആരെയും കൊല്ലുമെന്ന് പറയുന്ന പ്രതിയെ എങ്ങനെ സമൂഹത്തിലേക്ക് തിരിച്ചുവിടാൻ കഴിയും?” എന്ന് ചോദിച്ച പ്രോസിക്യൂഷൻ, ഇത് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, പ്രതിഭാഗം പരമാവധി ശിക്ഷ നൽകുന്നതിനെ എതിർത്തു. പ്രതിക്ക് ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും, ശിക്ഷ വിധിക്കുമ്പോൾ അത് പരിഗണിക്കണമെന്നും അഭിഭാഷകൻ വാദിച്ചു. “പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക” എന്ന തത്വം മുൻനിർത്തിയാണ് പ്രതിക്ക് വധശിക്ഷ നൽകാൻ പാടില്ലെന്ന് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *