മലപ്പുറം: മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി പുറത്തെടുക്കുന്ന അവയവങ്ങൾ ദീർഘനേരം സൂക്ഷിക്കാവുന്ന ഉപകരണത്തിനായി ഇനി ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല. ഇത്തരം ഉപകരണം വികസിപ്പിക്കുന്നതിന് തൊട്ടടുത്തെത്തിയിരിക്കയാണ് മലയാളി ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘം. മനുഷ്യരുടെ ശരീരത്തിൽനിന്ന് പുറത്തെടുക്കുന്ന അവയവങ്ങൾ ഏതാനും മണിക്കൂറുകൾക്കകം മാറ്റിവെക്കേണ്ടതിനാൽ ദൂരെയുള്ള ആശുപത്രികളിലേക്ക് എത്തിക്കൽ പലപ്പോഴും പ്രയാസകരമാണ്. ഇതിന് പരിഹാരമാകും പുതിയ കണ്ടെത്തലെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഡോ. പി.എം. നബീലിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടക്കുന്നത്. ചെന്നൈയിലെ ഹെൽത്ത് കെയർ ടെക്നോളജി ഇന്നവേഷൻ സെന്ററിൽ പ്രിൻസിപ്പൽ സയന്റിസ്റ്റാണ് നബീൽ. ഗവേഷണത്തിൽ 12 മണിക്കൂറിലധികം മൃഗങ്ങളുടെ ഹൃദയം സൂക്ഷിക്കാനായതായി ഡോ. നബീൽ പറഞ്ഞു. മനുഷ്യരുടെ അവയവങ്ങളും ഇതേരീതിയിൽ സൂക്ഷിക്കാനുള്ള ഗവേഷണങ്ങളാണ് അടുത്തഘട്ടം.
അവയവമാറ്റ ശസ്ത്രക്രിയയിൽ പുതുപ്രതീക്ഷ
