സിജെപി സമരത്തെ പരിഹസിച്ച് ഓര്‍ഗനൈസര്‍

ന്യൂഡല്‍ഹി: സിജെപി സമരത്തെ പരിഹസിച്ച് ആര്‍എസ്എസിന്റെ മുഖവാരിക ഓര്‍ഗനൈസര്‍. സുഹൃത്തുക്കളുടെ സമ്മര്‍ദ്ദം മൂലമാണ് കൗമാരക്കാര്‍ സമരത്തിന് എത്തിയതെന്നും പിസയും ബര്‍ഗറും കഴിക്കാനെത്തിയവരാണ് സമരക്കാരെന്നുമാണ് പരിഹാസം. എസ്എഫ്‌ഐയും ഐസയും ദുഷ്ട ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സമരവേദി ഉപയോഗിച്ചു. സമരത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും ഓര്‍ഗനൈസറിലെ ലേഖനത്തില്‍ പറയുന്നു. എം. എ ബേബിയും സംഘവും ചൈനീസ് എംബസി സന്ദര്‍ശിക്കുന്ന ചിത്രങ്ങളും ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമരത്തിന് പിന്നില്‍ ചൈനീസ് ചാരന്മാരാണെന്നും ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നുണ്ട്.

ഓർഗനൈസറിൻ്റെ ഓൺലൈൻ പതിപ്പിൽ ജൂലൈ 18ന് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്നിൽ ഇടതുപക്ഷ സംഘടനകളാണെന്നും ലേഖനം വിമർശിക്കുന്നുണ്ട്. കോക്രോച്ച് ജനതാ പാർട്ടി ഓൺലൈനിൽ ആരംഭിച്ച പ്രചാരണം ജന്തർ മന്തറിലെ തെരുവുകളിലേക്ക് എത്തിയതോടെ പതിവുപോലെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും രംഗത്തിറങ്ങിയെന്ന് ലേഖനത്തിൽ പറയുന്നുണ്ട്. എസ്എഫ്ഐ, എഐഎസ്എഫ്എ, ഐഎസ്എ പ്രവർത്തകർ മേളം, മുദ്രാവാക്യങ്ങൾ, മാർക്സിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന “പബ്ലിക് ലൈബ്രറികൾ”, സൂക്ഷ്മമായി ആസൂത്രണം ചെയ്ത നിരാഹാര സമരങ്ങൾ എന്നിവയുമായി പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദുവായി മാറിയെന്നും ലേഖനം പറയുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ ആശങ്കപ്പെട്ട് എത്തിയ യഥാർഥ വിദ്യാർത്ഥികൾ ക്രമേണ പ്രതിഷേധത്തിൽ നിന്ന് പിന്തള്ളപ്പെട്ടുവെന്നാണ് ഓർ​ഗനൈസറിലെ ലേഖനത്തിൽ ഉള്ളത്.

എസ്എഫ്ഐ, എഐഎസ്എഫ്എ, ഐഎസ്എ ചൈന സന്ദർശിക്കുകയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണയ്ക്കുന്ന യുവജന പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നുണ്ട്. ആശയപരമായ പിന്തുണയ്ക്കൊപ്പം സാമഗ്രികളും മറ്റ് സഹായങ്ങളും ഇന്ത്യൻ പ്രതിഷേധങ്ങളിലേക്ക് എത്തുന്നുവെന്നുമാണ് വിമർശകരുടെ ആരോപണമെന്ന് ചൂണ്ടിക്കാണിച്ചാണ് ലേഖനത്തിലെ വിമർശനം. എസ്എഫ്ഐ നേതാക്കളായ ആദർശ് എം സജിയും ഐഷ ഘോഷും കഴിഞ്ഞ ആഴ്ച ചൈനീസ് എംബസി സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു എന്നാണ് ലേഖനം പറയുന്നത്. സി.പി.ഐ.എം ജനറൽ സെക്രട്ടറി കൂടിയായ മുൻ കേരള മന്ത്രിയായ എം എ ബേബിയും ഈ സന്ദർശനത്തിൽ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹത്തിന് ചൈനയുമായി ദീർഘകാല ആശയപരവും രാഷ്ട്രീയപരവുമായ അടുപ്പമുണ്ടെന്ന ആരോപണവും വിമർശകർ ഉയർത്തുന്നുണ്ട് എന്ന് ലേഖനം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *