അഹമ്മദാബാദ്: ഐപിഎല്ലില്‍ സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത രാജസ്ഥാന്‍ റോയല്‍സിന്റെ അദ്ഭുത ബാലന്‍ വൈഭവ് സൂര്യവംശിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് ഇപ്പോഴും അടങ്ങിയിട്ടില്ല. വെറും 15 വയസ്സുള്ളപ്പോള്‍ 776 റണ്‍സോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കോര്‍ഡ് സൂര്യവംശി കുറിച്ചതോടെ, ആരാധകരുടെ മനസ്സില്‍ ഇപ്പോള്‍ ഒരൊറ്റ ചോദ്യം മാത്രമേയുള്ളൂ, വൈഭവ് സൂര്യവംശി എപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കും? ഭാവിയിലെ സൂപ്പര്‍സ്റ്റാറാണെന്ന് തെളിയിച്ച ഈ കൗമാരക്കാരനെ ഉടന്‍ തന്നെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ഇപ്പോള്‍ പിന്തുണയേറുകയാണ്.
ഇതിനോടകം തന്നെ അണ്ടര്‍-19 ലോകകപ്പ് കിരീടം നേടുകയും ഐപിഎല്ലില്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കുകയും ചെയ്ത സൂര്യവംശി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും വ്യക്തമാക്കിയിട്ടുണ്ട്. സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളും സൂര്യവംശിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. ഐപിഎല്‍ ഫൈനലിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെച്ച് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറോട് ഈ വിഷയം ഉന്നയിക്കുകയുണ്ടായി.
