ദുബൈ: യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ പാസ്പോർട്ട് അടക്കമുള്ളവയുടെ സേവനങ്ങളിൽ ബി.എൽ.എസിന് തുടരാം. യു.എ.ഇയിൽ പാസ്പോർട്ട് സേവനത്തിന്റെ കരാർ അൽഹിന്ദിനും കുവൈത്തിൽ ഡു ഡിജിറ്റലിനും നൽകിയത് ഡൽഹി ഹൈകോടതി റദ്ദാക്കുകയും തൽക്കാലം ബി.എൽ.എസിന് തുടരാൻ അനുമതി നൽകുകയുമായിരുന്നു. ഇതോടെ രണ്ടാഴ്ചയായി രണ്ട് രാജ്യങ്ങളിലെയും പ്രവാസികൾ അടക്കമുളളവർ അനുഭവിക്കുന്ന പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ആസ്ട്രേലിയ, സിങ്കപ്പൂർ എന്നിവിടങ്ങളിലെ കരാറുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. ഒരു മാസത്തിനകം പുതിയ പ്രൊപ്പോസൽ വിളിക്കാൻ കോടതി നിർദേശിച്ചു. നിലവിലെ ടെൻഡർ നടപടികൾ സുതാര്യമല്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. 2026 ജൂലൈ ഒന്ന് മുതൽ പുതിയ സ്ഥാപനങ്ങളായിരുന്നു പാസ്പോർട്ട് സേവനങ്ങൾ നൽകേണ്ടിയിരുന്നത്. എന്നാൽ, ടെണ്ടർ ചോദ്യം ചെയ്ത് ഡൽഹി ഹൈകോടതിയിലെത്തിയതോടെ പ്രവർത്തനം ആരംഭിക്കാനായില്ല.രണ്ടാഴ്ചയായി യു.എ.ഇയിലും കുവൈത്തിലും അടിയന്തര പാസ്പോർട്ട് സേവനങ്ങൾ മാത്രമാണ് ലഭിക്കുന്നത്. പാസ്പോർട്ട് പുതുക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്ക് പ്രവാസികൾ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. വർഷങ്ങളായി യു.എ.ഇയിലും കുവൈത്തിലും പ്രവർത്തിക്കുന്ന ബി.എൽ.എസ് സെന്ററുകൾ സജീവമാകുന്നതോടെ പ്രതിസന്ധി തൽക്കാലമെങ്കിലും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
