കറുപ്പ് വിട്ട് പിണറായി വെള്ള കാറിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിപദവിയൊഴിഞ്ഞു പ്രതിപക്ഷനേതാവായതോടെ പിണറായി വിജയൻറെ കാറിന്റെ നിറവും മാറുന്നു. ഔദ്യോഗിക വാഹനമായി 2022 ജനുവരി മുതൽ കറുത്ത കാർ ഉപയോഗിച്ചിരുന്ന പിണറായി, പ്രതിപക്ഷനേതാവെന്ന നിലയിൽ ഉപയോഗിക്കുക വെള്ള ഇന്നോവ ക്രിസ്റ്റ കാർ. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാറാണിത്. ‘99’ എന്ന നമ്പറും സർക്കാരിനോടു ചോദിച്ചിട്ടുണ്ട്. എകെജി സെന്ററിലെ കാറിലാണ് നിലവിൽ പിണറായിയുടെ യാത്ര. 2022ൽ അന്നത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉപദേശപ്രകാരമാണ് പിണറായി കറുത്ത കാറിലേക്കു മാറിയത്. രാത്രിയിലുള്ള ആക്രമണവും മറ്റും തടയാൻ ഉപകരിക്കുമെന്നും കൂടുതൽ സുരക്ഷിതമെന്നുമായിരുന്നു വാദം. സുരക്ഷാ ജീവനക്കാരുടെ കാറുകളും പിന്നീടു കറുപ്പിലേക്കു മാറി. അതേസമയം മുഖ്യമന്ത്രി വി.ഡി.സതീശൻ ഒരാഴ്ചയ്ക്കുള്ളിൽ കന്റോൺമെന്റ് ഹൗസിൽനിന്നു ക്ലിഫ് ഹൗസിലേക്കു താമസം മാറിയേക്കും. ഇതിനുശേഷം കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ കൂടി കഴിഞ്ഞാകും പിണറായി ഇവിടേക്കു മാറുക.

Leave a Reply

Your email address will not be published. Required fields are marked *