സിബിഎസ്ഇ പുനർമൂല്യനിർണയ വിവാദം: ചെയർമാനെയും സെക്രട്ടറിയെയും മാറ്റി

ഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിലെ വിവാദത്തിൽ നിർണായക നടപടിയുമായി കേന്ദ്രസർക്കാർ. സിബിഎസ്ഇ ചെയർമാനെയും സെക്രട്ടറിയും മാറ്റി. ഓൺ സ്ക്രീൻ മാർക്കിംഗിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം. ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെയാണ് മാറ്റിയത്. അന്വേഷണസമിതിയും നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് നടപടി.

അതേസമയം, പുനർമൂല്യനിർണയത്തിനായി പത്ത് മണിക്കൂറിൽ അപേക്ഷിച്ചത് പതിനാറായിരത്തോളം പേരാണ്. ഇന്ന് പുലർച്ചെയാണ് വെബ്സൈറ്റ് പ്രവർത്തനക്ഷമമായത്. ഈ മാസം 6 വരെ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാം. പുതിയ പോർട്ടലിനെതിരെ സൈബർ ആക്രമണശ്രമം പ്രതിരോധിച്ചെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഓൺസ്ക്രീൻ മാർക്കിംഗിന് വിവാദ കമ്പനിയായ കോംപ്റ്റിന് കരാർ നൽകാൻ ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതിന്‍റെ രേഖകളും പുറത്ത് വന്നു.

രണ്ടാഴച്ചയോളം വിദ്യാർത്ഥികളെ വലച്ച് ഒടുവിലാണ് പുനർമൂല്യനിർണ്ണയത്തിനുള്ള സിബിഎസ്ഇ വെബ്സെറ്റ് പ്രവർത്തനം തുടങ്ങിയത്. ഇന്നലെ തുടങ്ങുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നെങ്കിലും ഇന്ന് പുലർച്ചെ നാലരയോടെയാണ് പോർട്ടൽ പ്രവർത്തനം തുടങ്ങിയത്. ആദ്യഘട്ടത്തിലുണ്ടായിരുന്നു ചില പ്രശ്നങ്ങൾ പരിഹരിച്ചെന്നും നിലവിൽ പ്രവർത്തനം സുഗമാണെന്നും ബോർഡ് അവകാശപ്പെട്ടു. പോർട്ടൽ പ്രവർത്തനക്ഷമമാക്കാൻ കൂടുതൽ വിദഗ്ധരുടെ സഹായം ഇന്നലെ സർക്കാർ തേടിയിരുന്നു. അപേക്ഷ എങ്ങനെ നൽകാം എന്നത് വിശദീകരിക്കുന്ന വിഡിയോയും സിബിഎസ്ഇ തയ്യാറാക്കി. ഡെസ്ക്ടോപിലോ ലാപ്ടോപിലോ തന്നെ പോർട്ടൽ തുറക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *