ദുബായിലും ഷാർജയിലും അജ്മാനിലും പൊതു പാർക്കിംഗ് സൗജന്യം

അജ്മാൻ: ഹിജ്‌റ പുതുവത്സരത്തോടനുബന്ധിച്ച് ദുബായിലും ഷാർജയിലും അജ്മാനിലും പൊതു പാർക്കിംഗ് സൗജന്യം. ഇന്ന് ദുബായിലെ പൊതു സേവനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അവധിയോടനുബന്ധിച്ച് തിങ്കളാഴ്ച ദുബായിലെ മൾട്ടി-സ്റ്റോറി പാർക്കിംഗുകൾ ഒഴികെയുള്ള എല്ലാ പൊതു പാർക്കിംഗ് മേഖലകളും സൗജന്യമായിരിക്കും. ജൂൺ 16 ചൊവ്വാഴ്ച മുതൽ പതിവുപോലെ പാർക്കിംഗ് ഫീസ് ഈടാക്കിത്തുടങ്ങും. ദുബായിലെ എല്ലാ ആർടിഎ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളും തിങ്കളാഴ്ച അടഞ്ഞുകിടക്കും. എന്നാൽ ഉം റമൂലിലെ കസ്റ്റമർ ഹാപ്പിനസ് സെന്റർ, ദേര, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, ആർ.ടി.എ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാർട്ട് കിയോസ്കുകൾ എന്നിവ വഴി പൊതുജനങ്ങൾക്ക് പതിവുപോലെ 24 മണിക്കൂറും സേവനങ്ങൾ ലഭ്യമായിരിക്കും. കൂടാതെ, ദുബായിലെ എല്ലാ വാഹന പരിശോധനാ കേന്ദ്രങ്ങളും തിങ്കളാഴ്ച പ്രവർത്തിക്കില്ല.

ഷാർജയിലും തിങ്കളാഴ്ച പൊതു പാർക്കിംഗ് സൗജന്യമാണ്. പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ സിറ്റി മുൻസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ജൂൺ 16 ചൊവ്വാഴ്ച മുതൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് പുനരാരംഭിക്കും. എന്നാൽ നീല നിറത്തിലുള്ള സൈൻ ബോർഡുകളുള്ള സ്മാർട്ട് പാർക്കിംഗ് ലോട്ടുകൾക്കും, ആഴ്ചയിൽ എല്ലാ ദിവസവും ഔദ്യോഗിക അവധി ദിവസങ്ങളിലും പാർക്കിംഗ് ഫീസ് ബാധകമാക്കിയിട്ടുള്ള പ്രത്യേക പൊതു പാർക്കിംഗ് മേഖലകൾക്കും ഈ ഇളവ് ബാധകമായിരിക്കില്ല. അത്തരം ഇടങ്ങളിൽ അവധി ദിവസങ്ങളിലും നിർബന്ധമായും ഫീസ് നൽകേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *