ദോഹ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുത്തുന്നതിനും മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുമായി നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഖത്തർ. ഇതിന്റെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ ഥാനി ഉന്നതതല ഫോൺ സംഭാഷണങ്ങൾ നടത്തി. സൗദി അറേബ്യ, യുഎഇ, തുർക്കി രാജ്യങ്ങളുടെ മുതിർന്ന വിദേശകാര്യ, സുരക്ഷാ ഉദ്യോഗസ്ഥരുമായാണ് അദ്ദേഹം സമാധാന ചർച്ചകൾ നടത്തിയത്.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായുള്ള ചർച്ചയിൽ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് കൂട്ടായ നയതന്ത്ര സഹകരണം ആവശ്യമാണെന്ന് ഇരുനേതാക്കളും എടുത്തുകാട്ടി. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങൾക്കും ധാരണയായി. അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിലെ നിബന്ധനകൾ പാലിക്കാൻ എല്ലാ കക്ഷികളും തയ്യാറാകണമെന്ന് ഖത്തർ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതും മേഖലയുടെ സുരക്ഷ നിലനിർത്തുന്നതും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
